#KeralaRain | മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്

#KeralaRain | മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്

1. മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മഴകുറയും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വയനാട്ടില്‍ മഴ കുറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന്റെ നാലില്‍ ഒന്നായി മഴയുടെ ശക്തി കുറഞ്ഞു എന്ന് റിപ്പോര്‍ട്ട്. കാസര്‍കോടും പാലക്കാട്ടും മഴയ്ക്ക് നേരിയ കുറവുണ്ട്. വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ റെഡ് അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം 2. തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതു മൂലം മഴ ശക്തം ആകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടക്കം 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ള പാച്ചിലിലും വെള്ളക്കെട്ടിലും പെട്ട് സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതര്‍. മഴക്കെടുതികളില്‍ ഇതുവരെ 63 പേരാണ് മരിച്ചത് 3. അതേസമയം, കോഴിക്കോട് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒഴുക്കില്‍പ്പെട്ട് കാണാതായ ഫാസിലിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ കോഴിക്കോട് മരിച്ചവരുടെ എണ്ണം 16 ആയി. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒരുകുടുംബത്തിലെ മൂന്നു പേരെ ആണ് കാണാതായത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ആണ് തിരച്ചില്‍ പുരോഗമിക്കുന്നത് 4. പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തതായി വിവരം. ഇതോടെ കണ്ടെത്തിയവരുടെ മൃതദേഹം 10 ആയി. പുത്തുമലയില്‍ ഇനി കണ്ടെത്താന്‍ ഉള്ളത് ഏഴ് പേരെ. കഴിഞ്ഞ ദിവസത്തെക്കാള്‍ വളരെ തെളിഞ്ഞ പ്രഭാതമാണ് വയനാട്ടില്‍ ഇന്ന് കാണുന്നത്. ഇന്നലെ മുതല്‍ പുത്തുമലയടക്കമുള്ള മേഖലകളില്‍ മഴ പെയ്തിരുന്നില്ല. അതുകൊണ്ട് നേരത്തെ തന്നെ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിച്ചു 5. അതേസമയം, ജില്ലാഭരണകൂടം ആവശ്യപ്പെട്ട പ്രകാരം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി കേന്ദ്ര സൈന്യത്തിന്റെ ഒരു കോളം ഇന്ന് വയനാട്ടിലെത്തും. 10 മുതല്‍ 15 അടി വരെ ഉയത്തിലാണ് പുത്തുമലയില്‍ മണ്ണ് കുന്നുകൂടി നില്‍ക്കുന്നത്. ആളുകള്‍ ഇപ്പോഴും അതിനടിയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സ്, ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍, പൊലീസ്, സൈന്യം എന്നിവര്‍ സംയുക്തം ആയാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണ് മാറ്റി ആളുകളെ പുറത്ത് എത്തിക്കുക ആണ് നിലവില്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നത് 6. പുത്തുമലയില്‍ ഇന്നലെ മണ്ണിടിച്ചല്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായതിനെ തുടര്‍ന്ന് പുത്തുമല പോലെ സമാനമായ രീതിയിലുള്ള മലയോര മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ മാത്രം രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എലിവയല്‍, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ജില്ലയില്‍ ഇരുന്നൂറിലധികം ദുരിതാശ്വാസ ക്യമ്പുകളിലായി 35,000-ല്‍ അധികം ആളുകള്‍ കഴിയുന്നുണ്ട്. ശക്തമായ മടവീഴ്ചയെ തുടര്‍ന്ന് കുട്ടനാട്ടില്‍ മൂന്ന് പാടശേഖരങ്ങള്‍ വെള്ളത്തിന് അടിയില്‍. നിരവധി വീടുകളില്‍ വെള്ളം കയറി ആളുകളെ മാറ്റി പാര്‍പ്പിക്കുന്നു. 7. കനത്തമഴയില്‍ ദുരന്ത ഭൂമിയായി മാറിയ കവളപ്പാറയില്‍ തിരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് എത്തിയത്. ഇവര്‍ പ്രഥാമിക തിരച്ചില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ നടപടികളിലേക്ക് കടന്നു എന്നാണ് വിവരം. കവളപ്പാറയില്‍ ഇതുവരെ ഒന്‍പതു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെ ഇനിയും 54 പേരെകൂടി കണ്ടെത്താന്‍ ഉണ്ടെന്നാണ് വിവരങ്ങള്‍. 20ലധികം കുട്ടികളും കാണാതായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനിടെ, പ്രദേശവാസികളില്‍ ചിലര്‍ അവരുടെ ബന്ധുക്കളെ തേടി ഇടിഞ്ഞ കുന്നിന്റെ പലഭാഗങ്ങളിലായി തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ തിരച്ചിലിനിടെ വീണ്ടും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു. 8. വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉച്ചക്ക് 12ന് പ്രവര്‍ത്തന സജ്ജമാകും. വ്യാഴഴ്ച രാത്രി മുതല്‍ ആണ് വിമാനത്താവളം അടച്ചിട്ടത്. എട്ടു മണിയോടെ ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിമാന താവളത്തിലെ വെള്ളം വറ്റിക്കാനായി പമ്പിങ് ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെടും. ഏഴ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 9. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി. പാലക്കാട് 20 ഉം തിരുവനന്തപുരത്ത് നിന്ന് 15 സര്‍വീസുകളും റദ്ദാക്കി. അമൃത്സര്‍- കൊച്ചുവേളി വീക്ക്ലി എക്സ്പ്രസ്, മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്സ്‌കപ്രസ്, നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ്, കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ്, കോഴിക്കോട്- തൃശ്ശൂര്‍ പാസഞ്ചര്‍, പാലക്കാട്- എറണാകുളം മെമു, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ബാംഗ്ലൂര്‍- കന്യാകുമാരി എക്സ്പ്രസ്, തിരുനല്‍വേലി വഴി തിരിച്ചുവിട്ടു.