ഇടുക്കിയില്‍ നെടുങ്കണ്ടത്ത് വൈകിട്ട് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു മരണം

ഇടുക്കിയില്‍ നെടുങ്കണ്ടത്ത് വൈകിട്ട് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു മരണം

1. കാലവര്‍ഷത്തിന്റെ തോരാമഴയില്‍ പ്രളയപ്പുഴയായി സംസ്ഥാനം. ഉരുള്‍ പൊട്ടിയും മണ്ണ് ഇടിഞ്ഞു വീണും ഒഴുക്കില്‍പ്പെട്ടും വിവിധ ജില്ലകളിലായി ഇന്നു മാത്രം മരിച്ചത് 29 പേര്‍. സംസ്ഥാനത്ത് ഇതാദ്യമായി 33 അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതോടെ താഴ്ന്ന മേഖലകള്‍ എല്ലാം വെള്ളത്തില്‍. ഇടുക്കിയില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് 2400-ലേക്ക്. സംഭരണ ശേഷി കടന്ന്, ജലനിരപ്പ് 142 അടിയില്‍ എത്തിയ മുല്ലപ്പെരിയാറില്‍ 13 സ്പില്‍വേകള്‍ തുറന്നിട്ടും ഭീഷണി ഒഴിയാതെ 2. ഇടുക്കിയില്‍ നെടുങ്കണ്ടത്ത് വൈകിട്ട് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു മരണം. പച്ചടി പത്തുവളവിനു സമീപം വീടിനു മുകളില്‍ മണ്ണ് ഇടിഞ്ഞു വീണ് മരിച്ചത് പീറ്റര്‍ തോമസ്, ഭാര്യ റോസമ്മ, ജോളി എന്നിവര്‍. ഇടുക്കിയിലും വയനാട്ടിലും തകര്‍ന്നു വീണ വീടുകള്‍ക്ക് ഉള്ളില്‍ നിരവധി പേര്‍ കുടുങ്ങിയതായി സംശയം. രക്ഷാ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്ന വിധം രണ്ടു ജില്ലകളിലും കനത്ത മഴ തുടരുന്നു 3. മലപ്പുറത്ത് വീടിനു മുകളില്‍ മണ്ണ് ഇടിഞ്ഞു വീണു മരിച്ച പതിനൊന്നു പേരില്‍ ദമ്പതികളും ആറു വയസുകാരനും. ആലപ്പുഴയിലും റാന്നിയിലും തൃശൂരിലും വൈദ്യുതാഘാതം ഏറ്റ് മൂന്നു മരണം. മൂന്നാറില്‍ ലോഡ്ജ് തകര്‍ന്നു വീണ് തമിഴ്നാട് സ്വദേശിയായ ജീവനക്കാരന്‍ മരിച്ചു. കൊല്ലത്ത് അഷ്ടമുടി കായലില്‍ വള്ളം മുങ്ങിയും ഇടുക്കിയില്‍ മണ്ണിടിഞ്ഞു വീണ് വീട്ടമ്മയും മഴ ദുരന്തത്തിന് ഇരയായി. ആലപ്പുഴയില്‍ മീന്‍പിടിത്ത ബോട്ട് മുങ്ങി മൂന്നു പേരെ കാണാതായി 4. റണ്‍വേ വെള്ളത്തില്‍ മുങ്ങിയ നെടുമ്പാശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചിട്ടു. വിവിധ കേന്ദ്രങ്ങളിലേക്ക് ഉള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തും. റാന്നിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിറുത്തിവച്ചു. വിവിധ സ്ഥലങ്ങളില്‍ റെയില്‍ പാളങ്ങള്‍ വെള്ളത്തിന് അടിയില്‍ ആയതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി 5. പ്രളയ ഭീഷണിയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട്. കേരളത്തില്‍ ആകെയുള്ള 39 അണക്കെട്ടുകളില്‍ 33 എണ്ണവും തുറന്നു വിടുന്നത് ഇതാദ്യം. മുല്ലപ്പെരിയാറില്‍ പരമാവധി സംഭരണ ശേഷിക്കു മീതെ ജല നിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി. കടല്‍ പോലെ പരന്ന പെരിയാറില്‍ ഇന്നു മാത്രം ജല നിരപ്പ് ഉയര്‍ന്നത് ഒന്നര മീറ്റര്‍. ഭാരതപ്പുഴയും പമ്പയും കരകവിഞ്ഞു 6. സംസ്ഥാനം നേരിടുന്ന അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകം ആയതോടെ രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന എത്തും. പൂനെയില്‍ നിന്ന് പ്രത്യേക സേന എത്തുന്നത് മൂന്നു വിമാനങ്ങളിലായി. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മിലിട്ടറി ടാസ്‌ക് ഫോഴ്സ് ഭക്ഷണവും കുടിവെള്ളവും എത്തിക്കും. പ്രളയത്തില്‍ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി. കേരളത്തിലെ പ്രളയത്തില്‍ ആശങ്കയെന്ന് രാഷ്ട്രപതി. 7. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ ഓഗസ്റ്റ് 31-ന് നടത്താന്‍ ഇരുന്ന പരീക്ഷകള്‍ പിന്നീട് നടത്തും. കേരള, കലിക്കറ്റ് സര്‍വകലാശാലകള്‍ നാളെയും മറ്റന്നാളും നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി. കണ്ണൂര്‍ സര്‍വ കലാശാലയും ആരോഗ്യ സര്‍വ കലാശാലയും നാളെ നടത്താന്‍ ഇരുന്ന പരീക്ഷകള്‍ നീട്ടിവച്ചു. 8. തോരാമഴ തുടരവേ, സംസ്ഥാനത്ത് കാസര്‍കോട് ഒഴികെ മുഴുവന്‍ ജില്ലകളിലും നാളെ വിദ്യാഭ്യാസ അവധി. അവധി ബാധകമാവുക പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും. ആദ്യഘട്ടത്തില്‍ കാലവര്‍ഷം ദുര്‍ബലം ആയിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇന്നലെ മുതല്‍ മഴ ശക്തം. തലസ്ഥാന ജില്ലയില്‍ അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകള്‍ തുറന്നുവിട്ടു. കിള്ളിയാര്‍ കര കവിഞ്ഞതോടെ തലസ്ഥാനത്തിന്റെ പല മേഖലകളും വെള്ളത്തിന് അടിയില്‍ 9. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. രാത്രി ഒന്‍പത് മണിക്ക് ശേഷം എ.ടി.എമ്മുകളില്‍ പണം നിറയ്ക്കരുത്. ഗ്രാമപ്രദേശങ്ങളില്‍ സമയപരിധി വൈകിട്ട് ആറ് മണിയാണ്. ഒറ്റ ട്രിപ്പില്‍ വാഹനത്തില്‍ അഞ്ച് കോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുത് എന്നും നിര്‍ദ്ദേശം. ആയുധധാരികളുടെ ആക്രമണം ഉണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തില്‍ ഉണ്ടാകണം. 10. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണം എന്നും നിര്‍ദ്ദേശം. സുരക്ഷ അലാം, ജി.എസ്.എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തില്‍ ഉണ്ടാകണം എന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുമ്പോഴുള്ള സുരക്ഷാ വീഴ്ച കണക്കില്‍ എടുത്ത്. 11. ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ ഉണ്ടായ വധശ്രമത്തില്‍ അന്വേഷണം ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്. നടപടി, നഗരമധ്യത്തില്‍ നടന്ന സംഭവം ആയിട്ടും അക്രമിയെ കണ്ടെത്താത്തതില്‍ പൊലീസിന് കഴിയാത്തതില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഉമര്‍ ഖാലിദിന് നേരെ വധശ്രമം ഉണ്ടായത് കഴിഞ്ഞ ദിവസം. #MullaperiyarDamLatestNews #MullaperiyarDam #Mullaperiyar