എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷം. | News Alert

എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷം. | News Alert

1. പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ യുദ്ധസമാന രക്ഷാ പ്രവര്‍ത്തനം. മഴ വീണ്ടും കനത്തതോടെ പല ജില്ലകളും വെള്ളപ്പൊക്ക ദുരിതത്തില്‍. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമായി കുടുങ്ങിക്കിടക്കുന്നത് പതിനായിരത്തോളം പേര്‍. പെരിയാര്‍ തീരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. എറണാകുളം ജില്ലയില്‍ ആലുവ, മൂവാറ്റുപുഴ, പറവൂര്‍, കോലഞ്ചേരി, കാലടി, കോതമംഗലം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷം. 2. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയിലെ 250 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്, 38,000-ല്‍ അധികം പേരെ. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ തോതില്‍ ഉയര്‍ന്നു. എറണാകുളം-ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിറുത്തിവച്ചു. അടിമാലി റോഡിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. അതേസമയം, പത്തനംതിട്ടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയ സൈനികര്‍ വഴിയില്‍ കുടുങ്ങി. ജില്ലയില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നു 3. പമ്പാ തീരത്തെ സ്ഥിതിയും അതീവ ഗുരുതരം. വീടുകളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ വഴി രക്ഷിക്കാനുള്ള ശ്രമവും തുടരുന്നു. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തിരുവല്ല, എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡ് അടച്ചു. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടരുകയാണ്. അലപ്പുഴ ജില്ലയിലെ കൈനകരി വടക്ക്, തെക്ക് മേഖലയിലെ എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1100 പേര്‍. കൊട്ടിയൂര്‍ പാല്‍ചുര മലയില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം. മീനച്ചലാര്‍ കരകവിഞ്ഞതോടെ പാല ടൗണില്‍ വെള്ളം കയറി 4. ഞായറാഴ്ച വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം. തൃശൂരില്‍ നിന്ന് പാലക്കാട് പോകാനുള്ള കുതിരാന്‍ തുരങ്കം അടച്ചു. പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാല്‍ ഷൊര്‍ണൂര്‍ വഴി ഗതാഗതം സ്തംഭിച്ചു. കൊച്ചിയിലും സ്ഥിതി ഗുരുതരം. ആലുവ റെയില്‍വേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് ഉയരുന്നു. എറണാകുളം- ചാലക്കുടി റൂട്ടില്‍ ഗതാഗതം നിറുത്തിവച്ചു 5. കേരളത്തില്‍ മഴക്കെടതി രൂക്ഷമായതോടെ മരണസംഖ്യയും ഉയരുന്നു. സംസ്ഥാനത്ത് ഇന്നു മാത്രം മരിച്ചത് 43 പേര്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ ഒറ്റപ്പെട്ടു. കോഴിക്കോട് മാവൂര്‍ ഊക്കടവില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ്ട് രണ്ട് കുട്ടികള്‍ മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലും ഉരുള്‍പൊട്ടലില്‍ രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലപ്പുറത്ത് അഞ്ച് പേരും നെന്മാറയില്‍ എട്ടു പേരും മരിച്ചു. തൃശൂരില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി 6. കോട്ടയം പത്തനംതിട്ട ജില്ലകളിലും വ്യാപക മണ്ണിടിച്ചില്‍. കോട്ടയത്ത് തീക്കോയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ചത് നാല് പേര്‍. ഒരാളെ കാണാതായി. തലയോലപ്പറമ്പില്‍ വെള്ളക്കെട്ടില്‍ വീണും ഒരാളും രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ആറന്മുളയില്‍ ഒരു വൃദ്ധയും മരിച്ചു. ഇടുക്കിയില്‍ ചെറുതോണി നെടുങ്കണ്ടം മേഖലകളിലെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചത് ഒന്‍പത പേര്‍. കരിമ്പന്‍ കീരത്തോട് മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നും രണ്ട് മരണം. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇതുവരെ 60,000ത്തോളം വീടുകളിലാണ് വെള്ളം കയറിയത് എന്ന് റിപ്പോര്‍ട്ട് 7. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ജലനിരപ്പ് 139 അടിയിലേക്ക് കുറയ്ക്കുന്നത് പരിഗണിക്കണം എന്നും കോടതി. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് കേരളം സുപ്രീം കോടതിയില്‍. ജലനിരപ്പ് 142 അടി വരെ നിലനിര്‍ത്തുന്നത് നിയമപരം ആണെന്ന തമിഴ്നാടിന്റെ വാദം കോടതി തള്ളി. കനത്തമഴ പെയ്യുമ്പോള്‍ 142 അടിക്ക് വരെ അനുവാദം ഉണ്ടെന്ന് വാദിക്കരുത്. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരണമെന്ന് സുപ്രീംകോടതി. നാളെ ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. 8. ഡാം സുരക്ഷിതം എന്നും ഡാമിലെ ജലനിരപ്പും ഒഴുക്കിന്റെ തോതും നോക്കിയാണ് തമിഴ്നാട് മഴയുടെ അളവ് കണക്കാക്കുന്നത് എന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിണറായി വിജയന് അയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. മഴ ശക്തമാകവെ, വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. അതിരപ്പിള്ളി വെട്ടിക്കുഴിയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായതിനാല്‍ പീച്ചി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ജില്ലാ ഭരണ കൂടം. ഇവിടെ പരിസരവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു.