തൃക്കലങ്ങോട് അബു മുസ്ലിയാർ. (സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറ മെമ്പറായിരുന്നു മർഹൂം: തൃക്കലങ്ങോട് അബൂബക്‌ർ മുസ്ലിയാരെ പറ്റി മൗലാനാ നജീബ് ഉസ്താദ് എഴുതിയ അനുസ്മരണം) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഏതാനും ദിവസത്തെ സന്ദർശനം കഴിഞ്ഞു വ്യാഴാഴ്ച സന്ധ്യക്കു തിരിച്ചുവന്നപ്പോളാണു സംഭവമറിഞ്ഞത്, തൃക്കലങ്ങോട് അബു മുസ്ലിയാർ ബസ്സ് യാത്രയിൽ അപകടം സംഭവിച്ചു മെഡിക്കൽ കോളേജി(കോഴിക്കോട്)ലാണെന്ന്. അബോധാവസ്ഥയിലാണെന്നും. ജുമുഅ തിരിഞ്ഞ് അങ്ങോട്ടു പോകാമെന്നുവച്ചു. നിർബന്ധ കാരണങ്ങളാൽ ശനിയാഴ്ച കാലത്തേക്കു മാറ്റി. രാത്രി വീട്ടുകാരുമായി സംഭവം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ആ വാർത്ത എത്തിയത്. അബു മുസ്ലിയാർ മരിച്ചുവെന്ന്. വെള്ളിയാഴ്ച ഏതാണ്ടു ജുമുഅയുടെ സമയത്താണു വഫാത്തെന്നും . മുഅ്മിനുകളെ സംബന്ധിച്ചു തികച്ചും ആശക്കു വകയുള്ള മരണം. വെള്ളിയാഴ്ച പകലോ രാവോ മരിക്കുന്നയാൾക്കു ഖബ്റിലെ ഫിത്നയും (മലക്കുകൾ ചോദിച്ചു കുഴക്കൽ) ശിക്ഷയും ഭയപ്പെടേണ്ടതില്ലെന്നു ഹദീസിലുണ്ട്. നമ്മുടെ കാഴ്ചയിൽ അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ആ പദവി ലഭിക്കാൻ അർഹനുമായിരുന്നു. ബഹു: അബു മുസ്ലിയാർ. അബു മുസ്ലിയാർ ദേഷ്യപ്രകൃതനാണന്നു ബന്ധമുള്ളവർക്കൊക്കെയറിയാം. പക്ഷേ, ആർക്കും ആ ദേഷ്യത്തിൽ വെറുപ്പില്ല. താൻ പരമാർത്ഥമെന്നു വിശ്വസിക്കുന്ന കാര്യങ്ങൾക്കുവേണ്ടി അയവില്ലാത്ത നിലപാടും തികഞ്ഞ കാർക്കശ്യവും പുലർത്തുന്നതാണ് ആ ദേഷ്യത്തിനും ശുണ്ഠിക്കും കാരണമെന്ന് ഏവർക്കുമറിയാവുന്നതുകൊണ്ടുതന്നെ. തന്റെ വിശ്വാസങ്ങളിലും ആദർശങ്ങളിലും കാലുറപ്പുള്ള മുഖിസ്വായിരുന്നു അദ്ദേഹം. കാപട്യം എന്താണെന്നുപോലും അദ്ദേഹത്തിനറിയുമോ! തന്റെ ദേഷ്യമൊളിച്ചുവ യ്ക്കാൻ എവിടെയും അദ്ദേഹത്തിനു കഴിയാതിരുന്നതും അതുകൊണ്ടായിരുന്നില്ലേ...! ശിഷ്യൻമാരിൽ, ശൈഖുനാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളായിരുന്നു അബു മുസ്ലിയാർ. മിക്കപ്പോളും 'എന്റെ അബു', 'ഞമ്മളെ അബു' എന്നായിരുന്നു അദ്ദേഹത്തെ കുറിച്ചു ശൈഖുനായുടെ പ്രയോഗം. ഹഖ്ഖിന്റെ ആളുകളെയും ബാത്വിലുകാരെയും തിരിച്ചറിയാൻ മുഖത്തു പ്രത്യേകം അടയാളം കാണുമെന്നാണ് ശൈഖുനായുടെ അഭിമതം. കവിളിന്റെ തുടുത്ത ഭാഗത്ത് മൂക്കിനു ചാരെക്കു ചൂണ്ടിക്കൊണ്ട് 'അത്.....അതിവിടെ നോക്കിയാൽ തിരിയുമെ'ന്നാണ് ശൈഖുനാ പറയാറ്. ഒരിക്കൽ വെറുതെ ഇതുസംബന്ധിച്ചു ശൈഖുനായുമായി 'തർക്കം' പറഞ്ഞപ്പോൾ, (ശൈഖുനായും ശിഷ്യൻമാരും തമ്മിലുള്ള പെരുമാറ്റം അങ്ങനെയായിരുന്നു.) അവിടുന്ന് എനിക്കറിയാവുന്ന വെളുത്തു സുന്ദരനായ ഒരാളെ പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തു പ്രസ്തുത ഭാഗത്തെ ഒരുതരം മങ്ങൽ ചൂണ്ടിക്കാണിച്ചശേഷം പറഞ്ഞതിങ്ങനെയാണ്. “എന്നാൽ, ഇജ്ജിന്റെ കറുത്തബൂനെയൊന്ന് നോക്ക്..... അവന്റെയിവിടെ ഒരു 'നൂറി'ല്ലേ?!” തൃക്കലങ്ങോട് അബുമുസ്ലിയാരെയാണ് ശൈഖുനാ അപ്പറഞ്ഞത്. സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറ മെമ്പറായിരുന്നു അദ്ദേഹം. സംഘടനയുടെ കീഴ്ഘടകമായ എസ്.വൈ.എഫിന്റെയും പ്രസ്ഥാനവുമായി ബന്ധമുള്ള മറ്റെന്തിന്റെയും എല്ലാ പരിപാടികൾക്കും യുവാക്കളെ വെല്ലുന്ന ചൊറുചൊറുക്കോടെ ഓടിയെത്തുന്ന ഓരേയൊരു നേതാവായിരുന്നു അബു മുസ്ലിയാർ. ചെറുപരിപാടിയാണെന്നോ വഅ്ളാണെന്നോ കുട്ടികളുടേതാണെന്നോ ക്ഷണിച്ചിട്ടില്ലെന്നോ ഇതൊന്നും അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. ഉടുത്ത വേഷം മുഷിഞ്ഞതെങ്കിൽ അതും തലയിൽ കെട്ടും ചുമലിൽ ഷാളും കൈത്തണ്ടയിൽ കുടയും തൂക്കി കിലോമീറ്ററുകൾ നടന്ന്, വിയർപ്പിൽ കുളിച്ച് ഏതു വയളിന്റെ സദസ്സിലേക്കും 'വെറുപ്പി'ല്ലാതെ കുതിച്ചെത്തുന്ന അബുമുസ്ലിയാരുടെ രൂപം മനസ്സിൽ തെളിയുമ്പോൾ, കണ്ണുകൾ നനയുന്നു. ഇനിയെല്ലാം ഓർമ്മ. തന്റെ ആദ്യഭാര്യ ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ചതിൽ പിന്നെ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന വലിയ സങ്കടം മകളുടെ കല്യാണക്കാര്യമായിരുന്നു. കഴിഞ്ഞ വർഷം അതും സമംഗളം നടന്ന റാഹത്തും ഏതാനും മാസങ്ങളായി ദർസിന് ഏറെക്കുറെ മനസ്സിനിണങ്ങിയ ഒരു സ്ഥലം കിട്ടിയ സന്തോഷവും ഏതാനും ആഴ്ചകൾക്കു മുമ്പ് വണ്ടൂരിൽ വന്നു തന്റെ സുഹൃത്തുക്കളായ ഉസ്താദുമാരോടും ഞങ്ങളോടുമെല്ലാം പങ്കുവച്ച ശേഷം പതിവിൽ കവിഞ്ഞ് കുടുംബ തമാശയും പറഞ്ഞു പിരിഞ്ഞതാണ്. പിന്നെ കാണുന്നത് ചലനമറ്റ ശരീരത്തിന്റെ ആവരണം നീക്കി ശൈഖുനാ പണ്ടു നോക്കാൻ പറഞ്ഞ ആ സ്ഥലം മാത്രം. ആ പ്രകാശം! അല്ലാഹു അദ്ദേഹത്തോടൊപ്പം നമ്മെയും സുഖലോകത്ത് ഒരുമിച്ചു കൂട്ടട്ടെ ആമീൻ. (1992 നവംബർ ബുൽബുൽ) താരശല്യത്തിന് തലമുണ്ഡനം? ചോദ്യം: തലയിൽ താരന്റെ ശല്യമുള്ളതിനാൽ മൊട്ടയടിക്കാമോയെന്ന് ഒരു ഉസ്താദിനോട് ചോദിച്ചപ്പോൾ 'താരനുള്ളതിനാലല്ലേ, കുഴപ്പമില്ല' എന്നും മറ്റൊരുസ്താദ് 'താരൻ പോകാൻ മൊട്ടയടിക്കൽ സുന്നത്താണെ'ന്നും മറുപടി തന്നു. ഇതിലേതാണു ശരി? ഉത്തരം: മുടി ശേഷിക്കുന്നതു കൊണ്ടു ശല്യമുണ്ടാവുകയോ വടിച്ച് കളഞ്ഞാലല്ലാതെ നീങ്ങിപ്പോകാത്ത താരനുണ്ടാകുകയോ വേണ്ട വിധം മുടിയെ പരിപാലിക്കൽ വിഷമകരമാകുകയോ ചെയ്യുമ്പോൾ തലമുടി മുണ്ഡനം ചെയ്യൽ സുന്നത്താണ്. തുഹ്ഫ: ശർവാനി സഹിതം 2-476. _✒ (മുഫ്തി: മൗലാനാ നജീബ് ഉസ്താദ്, നുസ്രത്തുൽ അനാം 2020 നവംബർ ) വർഗ്ഗവ്യത്യാസമുള്ളതിലെ കൈമാറ്റം? ചോദ്യം: വ്യത്യസ്ത മീനുകൾ (ഉദാ: അയല, മത്തി) തമ്മിലും ഇറച്ചികൾ (ഉദാ: ആട്, പോത്ത്) തമ്മിലും കൈമാറ്റം ചെയ്യുമ്പോൾ തുല്യത പാ ലിക്കേണ്ടതുണ്ടോ? ഉത്തരം: ഇല്ല. വ്യത്യസ്ത വർഗ്ഗങ്ങളി ൽപെട്ട മത്സ്യങ്ങളും വർഗ്ഗവ്യത്യാസമുള്ള ജീവി കളുടെ(ഉദാ: ആട്, പോത്ത്) മാംസങ്ങളും തമ്മിൽ വില്പന നടത്തുമ്പോൾ തുല്യത പാലിക്കേ ണ്ടതില്ലെന്നാണു പ്രബലം. തുഹ്ഫ, ശർവാനി സഹിതം 4-278. _✒ (മുഫ്തി: മൗലാനാ നജീബ് ഉസ്താദ്, നുസ്രത്തുൽ അനാം).