Argentine football legend Diego Maradona passed away | Keralakaumudi

Argentine football legend Diego Maradona passed away | Keralakaumudi

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. അര്‍ജന്റീനയില്‍ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്. 1982,1986,1990,1994 ലോകകപ്പുകള്‍ കളിച്ചു. 588 ക്ലബ് മത്സരങ്ങളില്‍ നിന്ന് 318 ഗോള്‍ നേടി. 2010 ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ മുഖ്യപരിശീലകന്‍ ആയിരുന്നു. 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 8 ഗോളുകള്‍ നേടി. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. അറുപത് വയസ് തികഞ്ഞതിന് പിന്നാലെയായിരുന്നു ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.